ബർലിൻ: പാരീസിലെ ലൂവ്റ് മ്യൂസിയം കവർച്ചയെ ഉത്പന്നത്തിന്റെ പരസ്യമാക്കി ജർമൻ കന്പനി. മോഷണത്തിന് ഉപയോഗിച്ച യന്ത്രഗോവണി നിർമിക്കുന്ന ബോക്കർ എന്ന കന്പനിയാണു സോഷ്യൽ മീഡിയയിൽ പുതിയ പരസ്യം പ്രസിദ്ധീകരിച്ചത്.
മോഷണത്തിന് ഉപയോഗിച്ച ഗോവണി ലൂവ്റ് മ്യൂസിയത്തിലെ അപ്പോളോ ഗാലറിക്കു പുറത്ത് ഇരിക്കുന്ന ചിത്രമാണ് പരസ്യത്തിലുള്ളത്.
കാര്യങ്ങൾക്കു വേഗത വേണമെങ്കിൽ കന്പനിയുടെ ‘അജിലോ’ ബ്രാൻഡ് യന്ത്രഗോവണി ഉപയോഗിക്കണമെന്നും 400 കിലോഗ്രാം ഭാരം ഒരു മിനിറ്റിനുള്ളിൽ 42 മീറ്റർ ഉയർത്താനുള്ള കഴിവ് ഈ ഗോവണിക്കുണ്ടെന്നും പരസ്യവാചകത്തിൽ പറയുന്നു.
ഞായറാഴ്ച നാലു കള്ളന്മാർ അപ്പോളോ ഗാലറിയിൽ കടന്ന് ഏതാണ്ട് 896 കോടി രൂപ വിലവരുന്ന ഒമ്പത് ആഭരണങ്ങളാണുകവർന്നത്. യന്ത്രഗോവണി ഉപയോഗിച്ചാണ് കള്ളന്മാർ മുകൾനിലയിലെ ഗാലറിയിലേക്കു കടന്നത്. ലോകം മുഴുവൻ ഞെട്ടിയ മോഷണത്തിൽ കള്ളന്മാരെ പിടികൂടാനായിട്ടില്ല.
മോഷണം അംഗീകരിക്കാനാവില്ലെങ്കിലും കൃത്യത്തിനിടെ ആർക്കും പരിക്കേൽക്കാത്ത സാഹചര്യത്തിൽ ഇത്തരമൊരു പരസ്യത്തിൽ തെറ്റില്ലെന്നാണ് ബോക്കർ കമ്പനി പ്രതികരിച്ചത്.
ഫെവിക്കോളിനും പരസ്യം
വിവിധതരം പശകൾ ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ഫെവികോൾ കന്പനിയും ലൂവ്റ് മോഷണവുമായി ബന്ധപ്പെട്ട് പരസ്യം പുറത്തിറക്കി. ഫെവികോൾ ഉപയോഗിച്ച് ഒട്ടിച്ചുവച്ചിരുന്നെങ്കിൽ മോഷണം നടക്കില്ലെന്നാണു പരസ്യത്തിന്റെ അർഥം.
ലൂവ്റിൽനിന്നു മോഷ്ടിക്കപ്പെട്ട മരതക മാലയ്ക്ക് താഴെ ഫെവിക്കോളിന്റെ ലോഗോയുള്ള ചിത്രവും ഫെവിക്കോൾ ഉപയോഗിച്ചിരുന്നെങ്കിൽ കള്ളന്മാരുടെ ദൗത്യം പരാജയപ്പെട്ടേനേ എന്നർഥം വരുന്ന വാചകവും പരസ്യത്തിലുണ്ട്.
ഇരു പരസ്യങ്ങൾക്കും സോഷ്യൽ മീഡിയയിൽ വലിയ പ്രചാരം ലഭിച്ചു.